വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും


World’s most expensive smartphone Vertu Ti in India for Rs 6.5 lakh
എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി.
ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില.
2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനും കമ്പനി ശ്രദ്ധിക്കുന്നു. 2013 ആയപ്പോഴേക്കും 326,000 ഫോണുകള്‍ വിറ്റഴിഞ്ഞുവെന്നാണ് വെര്‍ടുവിന്റെ കണക്കുകള്‍. ഓരോന്നിനും ലക്ഷങ്ങള്‍ വിലവരുമെന്നതിനാല്‍ വെര്‍ടുവിന്റെ ഓരോ വര്‍ഷത്തെയും മൊത്തവിറ്റുവരവ് ശതകോടികള്‍ കവിയും.
പൊന്നുംവിലയുള്ള ഈ ഫോണിലെ സ്‌പെസിഫിക്കേഷനുകള്‍ പതിനായിരം രൂപയ്ക്ക് കിട്ടുന്ന സാദാസ്മാര്‍ട്‌ഫോണുകള്‍ക്ക് തുല്യമാണ്. 1.7 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 64 ജി.ബി. ഇന്റേണല്‍ സ്്‌റ്റോറേജ്-ഇതാണ് വെര്‍ടു ടുവിന്റെ ഹാര്‍ഡ്‌വെയര്‍ മികവ്.
എട്ട് മെഗാപിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 3.7 ഇഞ്ച് സ്‌ക്രീനുള്ള വെര്‍ടു ടി.ഐയില്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാണുള്ളത്. കമ്പനിയിറക്കുന്ന ആദ്യ ആന്‍ഡ്രോയ്ഡ് മോഡല്‍ കൂടിയാണിത്. ഇതുവരെ നോക്കിയയുടെ സിംബിയന്‍ ഒ.എസിലായിരുന്നു വെര്‍ടു മോഡലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. നോക്കിയയുടെ ഓഹരിപങ്കാളിത്തം കുറഞ്ഞതിനാലാവാം കമ്പനി ആന്‍ഡ്രോയ്ഡിനെ സ്വീകരിക്കാന്‍ ധൈര്യം കാട്ടിയത്.
ഇന്ത്യയിലെ എട്ട് വന്‍നഗരങ്ങളിലെ ഷോറൂമുകളിലാണ് ഇപ്പോര്‍ വെര്‍ടു ടി.ഐ വിലപനയ്‌ക്കെത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് കമ്പനി വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ പര്‍ച്ചേസിനും അവസരമുണ്ട്. 184 വ്യത്യസ്ത ഭാഗങ്ങളുപയോഗിച്ചാണ് വെര്‍ടു ടി.ഐ സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇവയോരോന്നും കമ്പനിയുടെ വിദഗധ തൊഴിലാളികള്‍ കൈ കൊണ്ടു തയ്യാറാക്കിയതാണ്. ഗ്രേഡ് അഞ്ച് ടൈറ്റാനിയം കൊണ്ടാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. ഒരു കിലോ ടൈറ്റാനിയം ലോഹത്തിന് അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലേക്കാണ് വിലയെന്നറിയുക. പോറല്‍ വീഴാതിരിക്കാന്‍ സ്‌ക്രീനിനു മുകളിലൂടെ ഇന്ദ്രനീലക്കല്ല് കൊണ്ടൊരു പാളിയും തീര്‍ത്തിട്ടുണ്ട്. പതിനഞ്ചുദിവസം പണിയെടുത്തിട്ടാണ് ഓരോ ഇന്ദ്രനീലക്കല്ലിന്റെയും പാളി സൃഷ്ടിച്ചതെന്ന് വെര്‍ടുവിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

Comments

Popular posts from this blog

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

30 Interesting Facts You May Not Know About Computers & The Internet